അങ്ങനെയിരിക്കെ തീരെ പ്രതീക്ഷിച്ചിരിക്കാത്ത ഒരു നേരത്ത് അയാൾ മരിച്ചു. അയാൾ തയാറെടുത്തിരുന്നതേയില്ല. വഴിയെത്രയുണ്ടെന്നോ, നേരമെന്തെടുക്കുമെന്നോ അയാൾക്കൊരൂഹവുമുണ്ടായിരുന്നില്ല. ലോകവ്യവഹാരങ്ങൾക്കിടയിൽ അങ്ങനെയൊരു സാധ്യത തന്നെ അയാൾക്കു തോന്നാതെ പോയതുമാണല്ലോ. അന്നുമയാൾ പതിവുപോലെ ജോലിക്കു പോകാനായി വാടകവീടിന്റെ വാതിൽ പൂട്ടിയിറങ്ങിയതായിരുന്നു. പൂട്ടിയ വാതിൽ തുറന്നത് മരണത്തിന്റെ ലോകത്തിലേക്കാണ്. അയാൾക്കാദ്യമായി അനുഭവപ്പെട്ടത് ഒരു ഭാരമില്ലായ്മയാണ്. ജീവിതകാലം മൊത്തം നിത്യരോഗിയായ ഒരു ഭാര്യയെപ്പോലെ ഒരു മുഷിഞ്ഞ സാന്നിധ്യം മാത്രമായിരുന്ന സ്വന്തം ശരീരം അയാളെ ഒഴിഞ്ഞുപോയിരിക്കുന്നു. അയാൾക്കു വല്ലാത്തൊരാശ്വാസം തോന്നി.
അങ്ങനെ അയാളിപ്പോൾ മരണത്തിന്റെ നാട്ടിലാണ്. അയാൾ ചുറ്റും നോക്കി. കാണാനും കേൾക്കാനും യാതൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ഇല്ലായ്മ സാമാന്യമല്ല, വിശേഷമായിരുന്നു. ഇന്ന സ്ഥലത്തെ ഇന്ന മരം ഇല്ല, ഇന്നിടത്തുകൂടി പറന്നുപോകുന്ന ഇന്ന കിളി ഇല്ല...ഇങ്ങനെയേ അതിനെ സ്പഷ്ടമാക്കാനാകുമായിരുന്നുള്ളു. ഇവിടെ കാര്യങ്ങൾ വ്യതിരേകക്രമത്തിലാണ്. ഉള്ളതെല്ലാം ഇല്ലാതെയാകുന്നു. ആ വിപരീതലോകത്ത് അയാൾ കൂടി മറ്റൊരു ഇല്ല ആയി. അയാളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് ആ ഹിമഭൂമി ഉറഞ്ഞുകൂടി.
5 comments:
ഉള്ളതെല്ലാം ഇല്ലാതെയാകന്നതിനു മുന്‍പേ ഉണ്ടെന്നുള്ള തോന്നലുണ്ടാക്കാനുള്ള ശ്രമം ഉണ്ടാകണം....
oru divasam nammalum mattoru ഇല്ല aayi maarum.
ജീവിതകാലം മൊത്തം നിത്യരോഗിയായ ഒരു ഭാര്യയെപ്പോലെ ഒരു മുഷിഞ്ഞ സാന്നിധ്യം മാത്രമായിരുന്ന സ്വന്തം ശരീരം അയാളെ ഒഴിഞ്ഞുപോയിരിക്കുന്നു.
അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയരുത്
തോന്നലുകള്‍ മാത്രമാണ് എല്ലാം..
ഇഷ്ടപെട്ട എഴുത്തുകാരന്‍ കാഫ്ക യാണെന്ന് വരികള്‍ക്കിടയില്‍ തെളിയുന്നു. കൊള്ളാം!
Post a Comment