ആത്മനിവേദനം-1




രണ്ടായിരം കോടി കൊല്ലം കഴിഞ്ഞിട്ടാണ്‌ ലോകാവസാനമുണ്ടാകുന്നതെങ്കിൽക്കൂടി എന്റെ ഇപ്പോഴത്തെ ഏതു യത്നവും നിഷ്ഫലമാകാൻ മറ്റെന്തു കാരണം വേണം? സർവ്വനാശമൊഴിവാക്കാൻ മതിയാകാത്തതാണ്‌ എന്റെ യത്നങ്ങളെങ്കിൽ അവയ്ക്കു പിന്നെ എന്തർത്ഥമാണുള്ളത്‌?

*

ഒന്നിനുള്ളിലൊന്നായി പണിത മുറികൾക്കുള്ളിലൂടെ വാതിലുകൾ ഒന്നൊന്നായി തുറന്ന് നിങ്ങൾ കടന്നുപോകുന്നു. മുന്നിൽ തുറക്കുന്ന വാതിലുകൾക്ക്‌ അവസാനമില്ല; പിന്നിൽ വാതിലുകൾ നിരന്തരമായി അടയുകയുമാണ്‌.

*


ഒന്നു മയങ്ങാൻ കിടന്നയാൾ നിത്യനിദ്രയിലേക്കാണ്ടുപോകുന്നു!

*

ഉത്സവത്തിന്റെ തിരക്കിനിടയിൽ ഊട്ടുപുരയിൽക്കിടന്ന് ഒരാൾ ജീവൻ വെടിയുന്നു. ആരും അതറിയുന്നില്ല; അത്ഭുതമോ ദുരന്തമോ ആയി യാതൊന്നും സംഭവിക്കുന്നില്ല. ജീവിതത്തിന്‌ അതു യാതൊരർത്ഥവും നൽകുന്നില്ല; അതേസമയം അതിനെ അർത്ഥശൂന്യമാക്കുന്നുമില്ല. ദീർഘശ്വാസമെടുത്തപ്പോൾ ശ്വാസമേ നിലച്ചുപോവുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഉറക്കം വരാത്ത ഒരാൾ അടുത്തിരുപ്പുണ്ടായിരുന്നു എന്നതാണ്‌ പ്രധാനം.

*

തുടങ്ങാനാവുന്നില്ല എന്നായിരുന്നു നിങ്ങളുടെ പരാതി. വിഷു,വർഷാരംഭം,വിദ്യാരംഭം...ഓരോ വിശേഷദിവസവും നിങ്ങൾക്ക്‌ ജീവിതം തുടങ്ങാനുള്ള അവസരങ്ങളായിരുന്നു. പക്ഷേ നിങ്ങൾ തുടങ്ങിയില്ല. ഇപ്പോൾ നിങ്ങൾ അവസാനങ്ങൾ നോക്കിയിരിക്കുന്നു. സ്വന്തം അവസാനം മനസ്സിൽ കാണാൻ കഴിയാത്തത്ര ഭീതനാണു നിങ്ങൾ; അതിനാൽ നിങ്ങൾ മറ്റുള്ളവരുടെ അവസാനങ്ങൾ നോക്കിയിരിക്കുന്നു!
Read more

കടൽക്കിനാവ്‌




തീരത്തു നിന്നു ഞാൻ കടലു കണ്ടു-
ഓളം തുളുമ്പുന്ന നീലരാശി;
സ്വപ്നത്തിലിന്നു ഞാൻ കടലു കണ്ടു-
ഞാൻ മുങ്ങിത്താഴുന്ന കൈക്കുടന്ന.
Read more

ഈസോപ്പിന്റെ നായ

image8

പടി തുറക്കുമ്പോളോടിവന്നു
കാലിൽ നക്കുന്ന ജന്തു-
അവന്റെ കണ്ണിനു കാടിന്റെ
മൂർച്ചയില്ല,
അവന്റെ കാതിനു
കാടിന്റെ തേർച്ചയില്ല,
അവന്റെ കുരലിനു
കാടിന്റെ മുരൾച്ചയില്ല,
അവന്റെ കാലിനു
കാടിന്റെ വേഗവുമില്ല.
മുട്ടുകാലിൽ വീണും
മുക്കിയും മൂളിയും
കാലു നക്കിയും
അവൻ നിങ്ങളുടെ
വരവാഘോഷിക്കുമ്പോൾ
ഒരു നിമിഷം നിങ്ങൾ
കൊതിച്ചുപോകുന്നു
കാട്ടിലേക്കു തിരിച്ചുനടക്കുന്ന
ഒരു മൃഗത്തെ കാണാൻ.
*

 

വീട്ടുനായയുടെ ക്ഷണമനുസരിച്ച്‌ നാട്ടിലെത്തിയ
ചെന്നായ ചങ്ങാതിയുടെ കഴുത്തിലെ തുടലിന്റെ
പാടു കണ്ട്‌ വിശന്നുചത്താലും സ്വാതന്ത്ര്യം
മതിയെന്നുവച്ച്‌ കാട്ടിലേക്കു മടങ്ങുന്ന കഥ
ഈസോപ്പ്‌ പറഞ്ഞിട്ടുണ്ട്‌.

Read more

കടൽവെളിച്ചം

നിരന്തരം കടലെടുക്കുന്ന
തുരുത്താണെന്റെ ജീവിതം,
അകലെ,യൊരു പാമരത്തിലെ
ക്ഷീണദീപമാണെന്റെ മോചനം.
Read more

സ്വപ്നജീവിതം

സ്വപ്നതുല്യമീ ജീവിതെമെന്നോർത്തു
ജീവിക്കാതെ കാലം കഴിച്ച പിമ്പു
മരണം വന്നു പുൽകവേ,
അതിൻ കരലാളനത്തിനിത്ര തണുപ്പോ?
Read more

സ്വപ്നത്തിന്റെ സത്രത്തിൽ

സ്വപ്നത്തിന്റെ സത്രത്തിൽ ഒരാൾ പോയി മുറിയെടുത്തു. ഒരുനാൾ മുറി പൂട്ടി സായാഹ്നസവാരിക്കു പോയി മടങ്ങുമ്പോൾ അയാൾക്കു ചാവി നഷ്ടപ്പെട്ടു. ഇന്ന് സ്വന്തം സ്വപ്നത്തിലേക്കു കയറാനാവാതെ ഇടനാഴിയിൽ പകച്ചുനിൽക്കുകയാണയാൾ!
Read more

ഒറ്റയ്ക്കൊരെഴുത്തുകാരൻ




പറയാൻ ഒരു കാര്യം മാത്രമുണ്ടായിരുന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു. പറഞ്ഞതിനു മേൽ പറഞ്ഞ്‌ അതിനു സ്ഫുടം വരുത്തുക എന്നതേ അയാൾക്കു ചെയ്യാനുള്ളു. ഒറ്റ ദൈവം മാത്രമുള്ള ഒരു പ്രപഞ്ചം; ഓരോ രചനയും അവന്റെ സഹസ്രനാമങ്ങളിലൊന്നും.
Read more

പ്രണയഗീതം

ഒരിക്കലെൻ ചങ്ങാതി
പ്രണയത്തെ കാണാൻ പോയി;
അവനൊപ്പം ഞാനും പോയി
പ്രണയത്തെയൊന്നു കാണാൻ.
നഗരത്തിൽ, വണ്ടിപ്പേട്ടയിൽ
തിക്കിലും തിരക്കിലും
അഴുക്കു പിടിച്ചൊരു തൂണിന്മേൽ
പ്രണയം പടർന്നുകേറുന്നതു കണ്ട്‌
മറ്റൊരു തൂണായി ഞാൻ നിന്നു.
പ്രണയം വഴുക്കുന്നു
പ്രണയം വിയർക്കുന്നു
പ്രണയം കൈവിട്ടു പായുന്നു-
ഒരു നോക്കു കൊണ്ടെനിക്കു
പ്രണയത്തെ മടുത്തു.
പ്രണയത്തിൻ കാലമിതല്ല,
പ്രണയത്തിൻ നാടിതല്ല,
പ്രണയിക്കേണ്ടവരിവരല്ല,
പ്രണയത്തിൻ ഭാഷയുമിതല്ല.
Read more

പ്രണയഗീതം

ഒരിക്കൽ ഞാൻ പ്രണയത്തെ
നേരിട്ടു കണ്ടു:
മുല്ലമൊട്ടുകൾ പോലെ
ഒരു നിര പല്ലുകളായി.
പിന്നെയുമൊരിക്കൽ ഞാൻ
പ്രണയത്തെ കണ്ടു:
ഒരു ദുഃസ്വപ്നത്തിന്റെ
വിളർത്ത തേറ്റകളായി.
Read more

അതിമോഹം

കരുണയറ്റൊരു സൂര്യനു ചുവട്ടിൽ
വിയർത്തും മുഷിഞ്ഞും പൊടിപറ്റിയും
നഗരത്തിലൂടെ നടക്കുമ്പോൾ,
തിക്കും തിരക്കും
വാഹനങ്ങളുടെ ധാർഷ്ട്യവും
ഒച്ചയും വേഗവും കണ്ടു
മിരണ്ടുമാറുമ്പോൾ
ഒരതിമോഹമെന്നിൽ
നാമ്പെടുക്കുന്നു വീണ്ടും:
കഴുകിത്തുടച്ചൊരു കവിടിപ്പാത്രം പോലെ
മാനം തണുത്തുതിളങ്ങുന്നൊരു പ്രഭാതത്തിൽ,
പൊന്നിൻ ചെതുമ്പലുകൾ പോലെ
ഇളംവെയിലടർന്നുവീഴുന്നൊരു പുലർകാലത്ത്‌
നടന്നുപഴകിയൊരു വഴിയിലൂടെ
പണ്ടേ കണ്ട മരങ്ങൾ കണ്ടും
ഓർമ്മയുള്ള വീടുകൾ നോക്കിയും
കിളിപ്പേച്ചു കേട്ടും
കാലുകൾ നീട്ടിവച്ച്‌
കൈകൾ വീശി
ചിരിച്ച മുഖവുമായി
ഒറ്റയ്ക്കൊന്നു നടക്കാൻ.
Read more

ആത്മകഥ

കൈയെടുത്തതു മുഖം പൊത്താനായിരുന്നു,
മറ്റൊരു കരം ഗ്രഹിക്കാനായിരുന്നില്ല;
കാലിളക്കിയതു പിന്തിരിഞ്ഞോടാനായിരുന്നു,
മുന്നിട്ടിറങ്ങാനായിരുന്നില്ല;
പൊരുതാതെ കീഴടങ്ങലായിരുന്നു ജീവിതം.
Read more

കൈയും കൈയും

ഒരുപാടുകൈകൾക്കരുമയായിരുന്ന
ഒരു കുട്ടിയുണ്ടായിരുന്നു;
ഒരുപാടുകൈകൾ പുണരാൻ കൊതിച്ച
ഒരു പുരുഷനുണ്ടായിരുന്നു;
ഒരുപാടുകൈകൾ കൈകൊടു-
ത്താദരിച്ച ഒരു മാന്യദേഹവുമുണ്ടായിരുന്നു.
ഒടുവിലയാൾ താഴെ വീഴുമ്പോൾ
രണ്ടു കൈകൾ മതിയായിരുന്നു
അയാളെയൊന്നു താങ്ങാൻ.
അതിനൊരുമ്പെടാതെ
അയാളെ കൈവിട്ട
ഒരുപാടുകൈകളുണ്ടായിരുന്നു.
Read more