ആത്മനിവേദനം-1
രണ്ടായിരം കോടി കൊല്ലം കഴിഞ്ഞിട്ടാണ് ലോകാവസാനമുണ്ടാകുന്നതെങ്കിൽക്കൂടി എന്റെ ഇപ്പോഴത്തെ ഏതു യത്നവും നിഷ്ഫലമാകാൻ മറ്റെന്തു കാരണം വേണം? സർവ്വനാശമൊഴിവാക്കാൻ മതിയാകാത്തതാണ് എന്റെ യത്നങ്ങളെങ്കിൽ അവയ്ക്കു പിന്നെ എന്തർത്ഥമാണുള്ളത്?
*
ഒന്നിനുള്ളിലൊന്നായി പണിത മുറികൾക്കുള്ളിലൂടെ വാതിലുകൾ ഒന്നൊന്നായി തുറന്ന് നിങ്ങൾ കടന്നുപോകുന്നു. മുന്നിൽ തുറക്കുന്ന വാതിലുകൾക്ക് അവസാനമില്ല; പിന്നിൽ വാതിലുകൾ നിരന്തരമായി അടയുകയുമാണ്.
*
ഒന്നു മയങ്ങാൻ കിടന്നയാൾ നിത്യനിദ്രയിലേക്കാണ്ടുപോകുന്നു!
*
ഉത്സവത്തിന്റെ തിരക്കിനിടയിൽ ഊട്ടുപുരയിൽക്കിടന്ന് ഒരാൾ ജീവൻ വെടിയുന്നു. ആരും അതറിയുന്നില്ല; അത്ഭുതമോ ദുരന്തമോ ആയി യാതൊന്നും സംഭവിക്കുന്നില്ല. ജീവിതത്തിന് അതു യാതൊരർത്ഥവും നൽകുന്നില്ല; അതേസമയം അതിനെ അർത്ഥശൂന്യമാക്കുന്നുമില്ല. ദീർഘശ്വാസമെടുത്തപ്പോൾ ശ്വാസമേ നിലച്ചുപോവുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഉറക്കം വരാത്ത ഒരാൾ അടുത്തിരുപ്പുണ്ടായിരുന്നു എന്നതാണ് പ്രധാനം.
*
തുടങ്ങാനാവുന്നില്ല എന്നായിരുന്നു നിങ്ങളുടെ പരാതി. വിഷു,വർഷാരംഭം,വിദ്യാരംഭം...ഓരോ വിശേഷദിവസവും നിങ്ങൾക്ക് ജീവിതം തുടങ്ങാനുള്ള അവസരങ്ങളായിരുന്നു. പക്ഷേ നിങ്ങൾ തുടങ്ങിയില്ല. ഇപ്പോൾ നിങ്ങൾ അവസാനങ്ങൾ നോക്കിയിരിക്കുന്നു. സ്വന്തം അവസാനം മനസ്സിൽ കാണാൻ കഴിയാത്തത്ര ഭീതനാണു നിങ്ങൾ; അതിനാൽ നിങ്ങൾ മറ്റുള്ളവരുടെ അവസാനങ്ങൾ നോക്കിയിരിക്കുന്നു!
1 comments:
ആധൂനികമാണല്ലേ??
:)
Post a Comment