പാതകൾ

ഓരോ പുലർച്ചയ്ക്കും ഞാൻ വീടു വിട്ടിറങ്ങുന്നു,
പാതകൾ എന്നെയും കൊണ്ടു പായുന്നു.
തെക്കോട്ടും വടക്കോട്ടും
നെടുകെയും കുറുകെയും
പായുന്ന പാതകൾ-
ആയാസപ്പെട്ടു കയറുകയും
ആലംബമില്ലാതെ പതിക്കുകയും
ചെയ്യുന്ന പാതകൾ-
മലവരമ്പിലൂടരിച്ചുനീങ്ങുന്ന പാതകൾ-
സമതലങ്ങളിൽ
സ്വാതന്ത്ര്യം ഘോഷിക്കുന്ന പാതകൾ-
വീണ്ടുവിചാരത്തിനു നിൽക്കാതെ
വളവു തിരിയുന്ന പാതകൾ-
എന്തോ മറന്നുവച്ച പോലെ
തിരിഞ്ഞോടുന്ന പാതകൾ-
കൂട്ടുകയും കുറയ്ക്കുകയും
ഗുണിക്കുകയും ഹരിക്കുകയും
ചെയ്യുന്ന പാതകൾ-
കോണിയും പാമ്പും പോലെ
അവയെന്നെ കയറ്റുകയും
ഇറക്കുകയും ചെയ്യുന്നു.
ഒടുവിൽ നേരമിരുളുമ്പോൾ
തളർന്നൊരു പാത
വീട്ടുപടിക്കൽ എന്നെ ഇറക്കിവിട്ടിട്ട്‌
കിതച്ചും വിറച്ചും പോകുന്നു.

അടുത്ത ദിവസം കാലത്തും
ഞാൻ വീടു വിട്ടിറങ്ങുന്നു...

0 comments:

Post a Comment