അടുത്ത മുറിയിൽ

പാതിരാത്രിക്കു ഞെട്ടിയുണരുമ്പോൾ
കൊടുങ്കാറ്റു വീശുന്നു,
മഴ കോരിച്ചൊരിയുന്നു,
മിന്നൽ പാളിമറയുന്നു.
അടുത്ത മുറിയുടെ വാതിൽ
തുറന്നടയുന്നു.
ആരാണവിടെയുള്ളത്‌?
ഞാനറിയാതെ വന്നുകിടന്ന
സഹവാസി?
എന്റെ പരമ്പരയിലെ
കണ്ണിമുറിഞ്ഞ ഒരാത്മാവ്‌?
ഇനിയഥവാ
എനിക്കു വിശ്വാസമില്ലാത്ത
ദൈവമെന്നൊരാൾ?
പാതിവഴി നടന്നുചെന്ന ഞാൻ
അധീരനായി തിരിച്ചുപോരുന്നു.

അതിൽപ്പിന്നെ
കൊടുങ്കാറ്റടങ്ങുന്നു,
മഴ തോരുന്നു,
മിന്നൽ തവിയുന്നു;
ഞാനോ,
നിത്യവും പരിചിതവുമായ
ഒരുറക്കത്തിലേ-
ക്കാണ്ടുപോവുകയും ചെയ്യുന്നു.

1 comments:

ബിനോയ്//HariNav said...

എഴുത്ത് കൊള്ളാം. തുടരുക

വീട്ടില്‍ ഗതികിട്ടാത്ത ആത്മാക്കള്‍ വല്ലതും.. :)

Post a Comment