രാത്രിയിൽ ഒറ്റയ്ക്കു നടക്കുന്ന ഒരാൾ

പാതിരാത്രികഴിഞ്ഞനേരത്ത്‌
ബസ്സുകിട്ടാതെ നിൽക്കുമ്പോൾ
ഇനി നടക്കുകതന്നെയെന്നു നിങ്ങൾ വയ്ക്കുന്നു.
ഇനി നടക്കുകയെന്നാൽ
ആളൊഴിഞ്ഞ വഴിയിലൂടെ,
നായ്ക്കളും പൂച്ചകളും കൈയടക്കിയ വഴിയിലൂടെ,
നാട്ടുവെളിച്ചം മാത്രം തട്ടുന്ന വഴിയിലൂടെ
ഒറ്റയ്ക്കു നടക്കുക എന്നുതന്നെ.
വഴിയോരത്ത്‌ വീടുകൾ ഉറക്കമാണ്‌;
അടഞ്ഞ ജനാലകൾക്കും വാതിലുകൾക്കും പിന്നിൽ
മനുഷ്യജീവികൾ ഉറക്കത്തിലാണ്‌.
പകലത്തെ ജീവിതപരിശ്രമങ്ങൾക്കൊടുവിൽ
തളർന്നുറങ്ങുകയാണവർ.
നിങ്ങളോ?
നിങ്ങൾ ജീവിതത്തിലേക്കിറങ്ങിയിട്ടുതന്നെയില്ല.
നേരംതെറ്റിയ ഒരു യാത്രയാണു
നിങ്ങൾക്കു ജീവിതം.
എവിടെയും കയറിച്ചെല്ലാനില്ലാതെ,
എവിടെനിന്നും ഇറങ്ങിപ്പോകാനില്ലാതെ
വഴിയിൽത്തന്നെയാണു നിങ്ങൾ.
ഈനേരത്തൊരാൾ ജനാല തുറന്ന്
പുറത്തേക്കു നോക്കാനിടയായെങ്കിൽ?
കാഴ്ചയിൽ നിന്നു മറയുന്നതുവരെ
അയാൾ നിങ്ങളെ നോക്കി നിൽക്കുമോ?
കാമുകനെന്നോ കവിയെന്നോ ഭ്രാന്തനെന്നോ
നിങ്ങളെ സംശയിക്കുമോ?
കക്കാനിറങ്ങിയവനെന്നോ
കൊല്ലാനിറങ്ങിയവനെന്നോ
നിങ്ങളെ പേടിക്കുമോ?
അതുപോലും ഒരു വ്യാമോഹമാവാം.
ആരും നിങ്ങളെ പേടിക്കുന്നില്ല,
ആരും നിങ്ങളെ സംശയിക്കുന്നില്ല,
ആരും നിങ്ങളെ കണക്കിലെടുക്കുന്നപോലുമില്ല.
നിങ്ങൾ അതുമല്ല, ഇതുമല്ല, ഒന്നുമല്ല.
ജീവിതത്തിന്റെ പെരുവഴിയിൽ
അലഞ്ഞുനടക്കുന്ന ഒരാൾ.
*

2 comments:

വീകെ said...

നേരം തെറ്റിയ ഒരു യാത്രയാണു
നിങ്ങൾക്കു ജീവിതം.
അതാവും ശരി.

ആശംസകൾ.

പാവപ്പെട്ടവൻ said...

നിങ്ങളെ സംശയിക്കുമോ?
കക്കാനിറങ്ങിയവനെന്നോ
കൊല്ലാനിറങ്ങിയവനെന്നോ
നിങ്ങളെ പേടിക്കുമോ?
ചോദ്യം ഇത് അരുടെതന്നറിയാതെ പാതിര യാത്ര

Post a Comment