ഭ്രാന്തുപിടിച്ച നാരായണൻ


നാരായണൻ ഒരു പരുന്താകുന്നു-
അതേ കൂർത്ത കണ്ണും ചുണ്ടും.
ഒരു ക്ഷണം അവൻ നമ്മുടെ രഹസ്യങ്ങൾക്കുമേൽ
വട്ടമിട്ടു പറക്കുന്നു,
അടുത്തതിൽ നമ്മുടെ അഹന്തയ്ക്കുമേൽ
ആഞ്ഞുപതിക്കുന്നു.

നാരായണൻ ഒരു ചിലന്തിയാകുന്നു-
ഊറിയടിയുന്ന ഭ്രാന്തും നൂറ്റൊരു വലയും നെയ്ത്‌
വലയലുക്കുകളിൽ തുപ്പൽ കൊണ്ട്‌
തിളങ്ങുന്ന മഞ്ഞുതുള്ളികളും ഞാത്തി
എന്നിലും നിന്നിലും കാലുനീട്ടി
അവൻ നിന്നു തുള്ളുന്നു.

നാരായണൻ ഒരു മാനത്തുകണ്ണിയാകുന്നു-
അപ്പോഴവൻ പുരുഷാരത്തിനു മേൽ ചത്തുമലച്ചുകിടക്കുന്നു;
കണ്ണുകൾ സൂര്യനിൽത്തന്നെ തറഞ്ഞുനിൽക്കുന്നു.

നാരായണൻ ചിലപ്പോൾ ദൈവമാകുന്നു-
എങ്കിലവൻ കൈകൾ പരത്തിവീശി
വഴിയാത്രക്കാരെ വിധിക്കുന്നു;
ചില ബന്ധങ്ങൾ നടത്തി
ചില ബന്ധങ്ങൾ പിരിച്ച്‌
ചില വഴികൾ തെളിച്ച്‌
ചില വഴികളടച്ച്‌
ഒടുവിൽ ശുണ്ഠിയെടുത്ത്‌ താടിരോമം പിഴുതെടുത്ത്‌
അവൻ ദൈവവുമാകുന്നു.

ചിലപ്പോൾ
ചിലപ്പോൾ മാത്രം
അവൻ തന്നിലേക്കു മടങ്ങിവരുന്നു.
അപ്പോഴവൻ ഒറ്റയ്ക്കിരുന്നു കരയുന്നു.
അടുത്ത ജന്മത്തിന്റെ ശാന്തി വരെ
അങ്ങനെ
അവൻ
മനുഷ്യനുമാകുന്നു.
*

2 comments:

ആർപീയാർ | RPR said...

ചിലപ്പോൾ മാത്രം
അവൻ തന്നിലേക്കു മടങ്ങിവരുന്നു.
അപ്പോഴവൻ ഒറ്റയ്ക്കിരുന്നു കരയുന്നു.

നല്ല വരികൾ ..

പാവപ്പെട്ടവൻ said...

ചിലപ്പോൾ
ചിലപ്പോൾ മാത്രം
മനോഹരമായിരിക്കുന്നു

Post a Comment