പ്രകൃതിബിംബങ്ങൾ

ഹേമന്തം


മനസ്സിന്റെ വനത്തിൽ മഞ്ഞുപെയ്യുന്നു-
വാക്കുകൾ ഉഷ്ണമേഖല തേടി പറന്നകലുന്നു-
വനഗർഭത്തിലവശേഷിക്കുന്നത്‌
നഷ്ടവസന്തത്തിന്റെ കൂജനങ്ങൾ,
ചിറകടികൾ, തൂവലുകൾ.


മഴ

അറിവിന്റെ സമതലത്തിനും
സ്വപ്നത്തിന്റെ മലഞ്ചരിവിനുമപ്പുറം
ഓർമ്മകളുടെ നിബിഡവനത്തിൽ
തോരാമഴ.


ഉച്ച

സുതാര്യമായ പകൽ തുളുമ്പിനിൽക്കുന്നു,
കല്ലും കോലും പോലെ
രൂപങ്ങൾ അടിഞ്ഞുകിടക്കുന്നു.


അപരാഹ്നം


മുണ്ഡിതശിരസ്സു പോലെ ആകാശം
ചുരയ്ക്കാത്തൊണ്ടു പോലെ ഭൂമി
ബുദ്ധഹാസം പോലെ പതിഞ്ഞവെയിൽ.

2 comments:

the man to walk with said...

ishtaayi

പാവപ്പെട്ടവൻ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

Post a Comment