അങ്ങനെ അയാളിപ്പോൾ മരണത്തിന്റെ നാട്ടിലാണ്. അയാൾ ചുറ്റും നോക്കി. കാണാനും കേൾക്കാനും യാതൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ഇല്ലായ്മ സാമാന്യമല്ല, വിശേഷമായിരുന്നു. ഇന്ന സ്ഥലത്തെ ഇന്ന മരം ഇല്ല, ഇന്നിടത്തുകൂടി പറന്നുപോകുന്ന ഇന്ന കിളി ഇല്ല...ഇങ്ങനെയേ അതിനെ സ്പഷ്ടമാക്കാനാകുമായിരുന്നുള്ളു. ഇവിടെ കാര്യങ്ങൾ വ്യതിരേകക്രമത്തിലാണ്. ഉള്ളതെല്ലാം ഇല്ലാതെയാകുന്നു. ആ വിപരീതലോകത്ത് അയാൾ കൂടി മറ്റൊരു ഇല്ല ആയി. അയാളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് ആ ഹിമഭൂമി ഉറഞ്ഞുകൂടി.
അയാളുടെ മരണം
അങ്ങനെ അയാളിപ്പോൾ മരണത്തിന്റെ നാട്ടിലാണ്. അയാൾ ചുറ്റും നോക്കി. കാണാനും കേൾക്കാനും യാതൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ഇല്ലായ്മ സാമാന്യമല്ല, വിശേഷമായിരുന്നു. ഇന്ന സ്ഥലത്തെ ഇന്ന മരം ഇല്ല, ഇന്നിടത്തുകൂടി പറന്നുപോകുന്ന ഇന്ന കിളി ഇല്ല...ഇങ്ങനെയേ അതിനെ സ്പഷ്ടമാക്കാനാകുമായിരുന്നുള്ളു. ഇവിടെ കാര്യങ്ങൾ വ്യതിരേകക്രമത്തിലാണ്. ഉള്ളതെല്ലാം ഇല്ലാതെയാകുന്നു. ആ വിപരീതലോകത്ത് അയാൾ കൂടി മറ്റൊരു ഇല്ല ആയി. അയാളെക്കൂടി ഉൾക്കൊണ്ടുകൊണ്ട് ആ ഹിമഭൂമി ഉറഞ്ഞുകൂടി.
ഈ ജീവൻ
പകർന്നുതന്ന തിരിയാണ്;
അതു വയ്ക്കാനിടം തേടി
ഞാനലഞ്ഞു-
ചെരാതിലോ,
കുത്തുവിളക്കിലോ,
മൺകുടത്തിലോ?
തിരി വയ്ക്കാനിടം കാണാതെ
ഞാനലഞ്ഞു.
മഴയിൽ
വെയിലിൽ
കൊടുംകാറ്റിൽ
ഒരു കൈക്കുമ്പിളിനുള്ളിൽ
ഒരു തിരി നീറിക്കത്തി.
തിരി വയ്ക്കാനിടം തേടി
ഞാനലഞ്ഞു...
ലോകാവസാനം
ചീവീടുകളുടെയും ഫാനിന്റെയും
മർമ്മരം നിലയ്ക്കുന്നു,
ഇരുട്ടത്തു കണ്ണുപറ്റിത്തുടങ്ങും മുമ്പു ഹാ,
കൽപാന്തമേഘത്തിന്റെ
മുരളൽ കേൾക്കുമാറാകുന്നു.
കടൽക്കരയിൽ
മഹാസമുദ്രമായിരുന്നു മുന്നിൽ;
സമ്പൂർണ്ണതയിൽക്കുറഞ്ഞൊന്നും വേണ്ടാത്ത ഞാൻ
കരയിൽ മണൽ തട്ടി നടന്നു.
അയാൾ-2
ജീവിതത്തിൽ നിന്നൊളിച്ചോടുമ്പോൾ അയാൾ ആശ്വസിക്കുകയായിരുന്നു താൻ രക്ഷപ്പെട്ടുവെന്ന്. എന്നാൽ ഒളിച്ചോട്ടം പോലും ജീവിതത്തിലല്ലാതെ മറ്റെവിടെ സംഭവിക്കാൻ? ഉടുതുണി പറിച്ചെടുത്തു മുഖം പൊത്തി തെരുവിലൂടെ നെട്ടോട്ടമോടുന്ന ഒരാളെക്കണ്ട് ആളുകൾ ചിരിക്കുന്നത് ഒന്നു കണ്ണടച്ചുതുറന്നെങ്കിൽ അയാൾക്കു കാണാമായിരുന്നു!
അയാൾ - 1
അടുത്ത മുറിയിൽ
കൊടുങ്കാറ്റു വീശുന്നു,
മഴ കോരിച്ചൊരിയുന്നു,
മിന്നൽ പാളിമറയുന്നു.
അടുത്ത മുറിയുടെ വാതിൽ
തുറന്നടയുന്നു.
ആരാണവിടെയുള്ളത്?
ഞാനറിയാതെ വന്നുകിടന്ന
സഹവാസി?
എന്റെ പരമ്പരയിലെ
കണ്ണിമുറിഞ്ഞ ഒരാത്മാവ്?
ഇനിയഥവാ
എനിക്കു വിശ്വാസമില്ലാത്ത
ദൈവമെന്നൊരാൾ?
പാതിവഴി നടന്നുചെന്ന ഞാൻ
അധീരനായി തിരിച്ചുപോരുന്നു.
അതിൽപ്പിന്നെ
കൊടുങ്കാറ്റടങ്ങുന്നു,
മഴ തോരുന്നു,
മിന്നൽ തവിയുന്നു;
ഞാനോ,
നിത്യവും പരിചിതവുമായ
ഒരുറക്കത്തിലേ-
ക്കാണ്ടുപോവുകയും ചെയ്യുന്നു.
നാഴികവട്ട
നാഴിക വട്ടമെത്തുന്നതും നോക്കി
മുത്തശ്ശനിരുന്ന കാലമുണ്ട്.
കണ്മുന്നിൽ നാഴിക-
യൊന്നൊന്നായ് മുങ്ങിത്താഴവെ
മുത്തശ്ശന്റെ കാലം തീർന്നു.
ഇന്നെന്റെ മച്ചുംപുറത്ത്
ഓട്ടുകിണ്ടിക്കും വെറ്റിലച്ചെല്ലത്തിനുമൊപ്പം
മാറാല പിടിക്കുന്ന കാലമുണ്ട്.
ഭാരതപ്പുഴയിൽ ഒരു ലോകാവസാനം
ഞാൻ ഭാരതപ്പുഴയിലിറങ്ങിനടന്നു.
നിള നിർജലയായിരുന്നു;
നോട്ടപ്പുറത്ത്
മണലിന്റെ വിന്യാസം.
യാതൊന്നുമനങ്ങിയില്ല,
ഒരൊച്ചയുമുയർന്നില്ല-
ഗ്രീഷ്മാവസാദത്തിൽ
പുഴ മയങ്ങി.
പൊടുന്നനേ ഞാൻ കാഴ്ച കണ്ടു:
അകലെ ഒരാന
അലസമായി നടന്നുനീങ്ങുന്നു.
ഭാരതപ്പുഴയിൽ ഒരാന!
പുഴയും
പുഴയിലൊരാനയും
അതു കണ്ടു ഞാനും.
അതായി ലോകം.
അങ്ങനെ
പുഴയൊഴുകി,
പുഴയിൽ ഒരാന നടന്നു,
അതുകണ്ട് ഒരാൾ നിന്നു.
അങ്ങനെ ലോകമവസാനിച്ചു.
*
എഴുത്തുകാരനും വായനക്കാരനും
അയാളുടെ പേരു തന്നെയായിരുന്നു;
അയാളുടെ നക്ഷത്രവും
വൃക്ഷപക്ഷിമൃഗാദികളുമായിരുന്നു;
അച്ഛനമ്മമാരുടെ പൊരുത്തങ്ങളും
ജന്മഭൂമിയുടെ അതിരുകളും
ഒന്നുതന്നെയായിരുന്നു;
ബാലാരിഷ്ടകൾ,
സ്മരണീയദിനങ്ങൾ,
പ്രേമപരിചയങ്ങൾ,
പീഡകൾ, സന്ത്രാസങ്ങൾ,...
ഒക്കെയും ഒന്നുതന്നെ.
പുസ്തകത്തിന്റെ ഒടുവിലാകട്ടെ,
നായകൻ,
അയാളിപ്പോൾ ചെയ്യുന്നപോലെതന്നെ,
മറ്റൊരാളിന്റെ ആത്മകഥ
വായിച്ചവസാനിപ്പിക്കുകയുമായിരുന്നു.
*
കാക്കക്കറുപ്പ്
ആ ചരിഞ്ഞ നോട്ടം കറുത്തിട്ടാണ്.
അവന്റെ കാവിളിയിൽ
കറുത്തൊരു ചരടു കിടക്കുന്നു.
നട്ടുച്ചയ്ക്കലറിവിളിച്ചുകൊണ്ട്
പെൺകാക്കയിലവനിറ്റുന്നതൊരുതുള്ളി
കറുപ്പ്.
വീട്ടുതടങ്ങൽ
എത്ര കോണിപ്പടികൾ കയറിയിറങ്ങി,
എത്ര മുറികൾ വാതിൽ തുറന്നുകയറി-
എന്നിട്ടൊരിക്കൽപ്പോലും
വീടുവിട്ടിറങ്ങിയില്ല,
വീടുപൂട്ടിയിറങ്ങിയില്ല.
*
ജന്മഭിക്ഷ
വിളികേട്ടു ചെല്ലരുതേ!
ജനൽപ്പാളി പാതി തുറന്നുനോക്കൂ,
ദീനമായ മുഖത്തോടെ
കൈ നീട്ടിനിൽക്കുന്നവൻ യാചിക്കുന്നത്
ഉരിയരിയല്ല, കാൽക്കാശല്ല
ജീവനാണ്, നിങ്ങളുടെ ജീവൻ!
പാതകൾ
പാതകൾ എന്നെയും കൊണ്ടു പായുന്നു.
തെക്കോട്ടും വടക്കോട്ടും
നെടുകെയും കുറുകെയും
പായുന്ന പാതകൾ-
ആയാസപ്പെട്ടു കയറുകയും
ആലംബമില്ലാതെ പതിക്കുകയും
ചെയ്യുന്ന പാതകൾ-
മലവരമ്പിലൂടരിച്ചുനീങ്ങുന്ന പാതകൾ-
സമതലങ്ങളിൽ
സ്വാതന്ത്ര്യം ഘോഷിക്കുന്ന പാതകൾ-
വീണ്ടുവിചാരത്തിനു നിൽക്കാതെ
വളവു തിരിയുന്ന പാതകൾ-
എന്തോ മറന്നുവച്ച പോലെ
തിരിഞ്ഞോടുന്ന പാതകൾ-
കൂട്ടുകയും കുറയ്ക്കുകയും
ഗുണിക്കുകയും ഹരിക്കുകയും
ചെയ്യുന്ന പാതകൾ-
കോണിയും പാമ്പും പോലെ
അവയെന്നെ കയറ്റുകയും
ഇറക്കുകയും ചെയ്യുന്നു.
ഒടുവിൽ നേരമിരുളുമ്പോൾ
തളർന്നൊരു പാത
വീട്ടുപടിക്കൽ എന്നെ ഇറക്കിവിട്ടിട്ട്
കിതച്ചും വിറച്ചും പോകുന്നു.
അടുത്ത ദിവസം കാലത്തും
ഞാൻ വീടു വിട്ടിറങ്ങുന്നു...
രാത്രിയിൽ ഒറ്റയ്ക്കു നടക്കുന്ന ഒരാൾ
ബസ്സുകിട്ടാതെ നിൽക്കുമ്പോൾ
ഇനി നടക്കുകതന്നെയെന്നു നിങ്ങൾ വയ്ക്കുന്നു.
ഇനി നടക്കുകയെന്നാൽ
ആളൊഴിഞ്ഞ വഴിയിലൂടെ,
നായ്ക്കളും പൂച്ചകളും കൈയടക്കിയ വഴിയിലൂടെ,
നാട്ടുവെളിച്ചം മാത്രം തട്ടുന്ന വഴിയിലൂടെ
ഒറ്റയ്ക്കു നടക്കുക എന്നുതന്നെ.
വഴിയോരത്ത് വീടുകൾ ഉറക്കമാണ്;
അടഞ്ഞ ജനാലകൾക്കും വാതിലുകൾക്കും പിന്നിൽ
മനുഷ്യജീവികൾ ഉറക്കത്തിലാണ്.
പകലത്തെ ജീവിതപരിശ്രമങ്ങൾക്കൊടുവിൽ
തളർന്നുറങ്ങുകയാണവർ.
നിങ്ങളോ?
നിങ്ങൾ ജീവിതത്തിലേക്കിറങ്ങിയിട്ടുതന്നെയില്ല.
നേരംതെറ്റിയ ഒരു യാത്രയാണു
നിങ്ങൾക്കു ജീവിതം.
എവിടെയും കയറിച്ചെല്ലാനില്ലാതെ,
എവിടെനിന്നും ഇറങ്ങിപ്പോകാനില്ലാതെ
വഴിയിൽത്തന്നെയാണു നിങ്ങൾ.
ഈനേരത്തൊരാൾ ജനാല തുറന്ന്
പുറത്തേക്കു നോക്കാനിടയായെങ്കിൽ?
കാഴ്ചയിൽ നിന്നു മറയുന്നതുവരെ
അയാൾ നിങ്ങളെ നോക്കി നിൽക്കുമോ?
കാമുകനെന്നോ കവിയെന്നോ ഭ്രാന്തനെന്നോ
നിങ്ങളെ സംശയിക്കുമോ?
കക്കാനിറങ്ങിയവനെന്നോ
കൊല്ലാനിറങ്ങിയവനെന്നോ
നിങ്ങളെ പേടിക്കുമോ?
അതുപോലും ഒരു വ്യാമോഹമാവാം.
ആരും നിങ്ങളെ പേടിക്കുന്നില്ല,
ആരും നിങ്ങളെ സംശയിക്കുന്നില്ല,
ആരും നിങ്ങളെ കണക്കിലെടുക്കുന്നപോലുമില്ല.
നിങ്ങൾ അതുമല്ല, ഇതുമല്ല, ഒന്നുമല്ല.
ജീവിതത്തിന്റെ പെരുവഴിയിൽ
അലഞ്ഞുനടക്കുന്ന ഒരാൾ.
*
ജാഗ്രത!
സ്വപ്നലോകത്തു നടക്കുമ്പോൾ
കാൽ വഴുക്കും,
തലയിടിച്ചു വീഴും,
ബോധം കെടും,
ഈ തുലഞ്ഞലോകത്തിലേക്കു
നിങ്ങൾ ഉറക്കമുണരുകയും ചെയ്യും!
സ്വപ്നവ്യാഖ്യാനം
ഒരു പാതിരാവിലിങ്ങനെ നോക്കിയിരിക്കുമ്പോഴല്ലോ
വതിൽപ്പഴുതിലൂടൊരു സ്വപ്നമുണ്ടു
നുഴഞ്ഞുവരുന്നു.
നീയെന്നരികേവായെൻ കനവേയെന്നു
ഞാൻ മുതിരും മുമ്പേ ഹാ,
തത്തിപ്പറന്നു തുടങ്ങിയ സ്വപ്നം
ഒരു ചിലന്തിക്കാരന്റെ വലയിൽ കുരുങ്ങുകയും
അയാളതിനെ വ്യാഖ്യാനിക്കാൻ
തുടങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു.
നേരം തെളിഞ്ഞപ്പോൾ ബാക്കിയായത്
ഒരു മിന്നാമിനുങ്ങിന്റെ തൊണ്ട്.
ഭ്രാന്തുപിടിച്ച നാരായണൻ
നാരായണൻ ഒരു പരുന്താകുന്നു-
അതേ കൂർത്ത കണ്ണും ചുണ്ടും.
ഒരു ക്ഷണം അവൻ നമ്മുടെ രഹസ്യങ്ങൾക്കുമേൽ
വട്ടമിട്ടു പറക്കുന്നു,
അടുത്തതിൽ നമ്മുടെ അഹന്തയ്ക്കുമേൽ
ആഞ്ഞുപതിക്കുന്നു.
നാരായണൻ ഒരു ചിലന്തിയാകുന്നു-
ഊറിയടിയുന്ന ഭ്രാന്തും നൂറ്റൊരു വലയും നെയ്ത്
വലയലുക്കുകളിൽ തുപ്പൽ കൊണ്ട്
തിളങ്ങുന്ന മഞ്ഞുതുള്ളികളും ഞാത്തി
എന്നിലും നിന്നിലും കാലുനീട്ടി
അവൻ നിന്നു തുള്ളുന്നു.
നാരായണൻ ഒരു മാനത്തുകണ്ണിയാകുന്നു-
അപ്പോഴവൻ പുരുഷാരത്തിനു മേൽ ചത്തുമലച്ചുകിടക്കുന്നു;
കണ്ണുകൾ സൂര്യനിൽത്തന്നെ തറഞ്ഞുനിൽക്കുന്നു.
നാരായണൻ ചിലപ്പോൾ ദൈവമാകുന്നു-
എങ്കിലവൻ കൈകൾ പരത്തിവീശി
വഴിയാത്രക്കാരെ വിധിക്കുന്നു;
ചില ബന്ധങ്ങൾ നടത്തി
ചില ബന്ധങ്ങൾ പിരിച്ച്
ചില വഴികൾ തെളിച്ച്
ചില വഴികളടച്ച്
ഒടുവിൽ ശുണ്ഠിയെടുത്ത് താടിരോമം പിഴുതെടുത്ത്
അവൻ ദൈവവുമാകുന്നു.
ചിലപ്പോൾ
ചിലപ്പോൾ മാത്രം
അവൻ തന്നിലേക്കു മടങ്ങിവരുന്നു.
അപ്പോഴവൻ ഒറ്റയ്ക്കിരുന്നു കരയുന്നു.
അടുത്ത ജന്മത്തിന്റെ ശാന്തി വരെ
അങ്ങനെ
അവൻ
മനുഷ്യനുമാകുന്നു.
*
യാത്രാവിവരണം
യാത്രാവിവരണം
കമിഴ്‌ന്നുവീണതും
മുട്ടിട്ടിഴഞ്ഞതും
പിച്ചനടന്നതും
വെറുതെ;
ഓടിനടക്കവെ
ശവക്കുഴിയിൽ
കാലിടറി
വീഴാനിതൊക്കെ.
*
വിരലടയാളം
പാലത്തിന്റെ കൈവരിയിൽപ്പിടിച്ചു
ഞാൻ നിന്നു;
എനിക്കിടതുപുറം
മരണവുമതുപോലെ-
അവനു വലംകൈയിൽ
ആറുവിരലുണ്ടായിരുന്നു.
*
അന്ധം
കുരുടന്റെ ലോകത്ത്
ശബ്ദങ്ങൾക്കു രൂപം വയ്ക്കുന്നു;
അങ്ങനെ
കുയിലിന്റെ പാട്ട്
കുതിരക്കുളമ്പടിച്ചു പായുന്നു,
ഇടിമുഴക്കം
കാടിന്റെ തീരത്ത് പൂവായി വിരിയുന്നു.
*
കവിതകള്‍
ജലജീവി
സ്വപ്നത്തിന്റെ വേലിയേറ്റങ്ങളിൽ
ജീവൻ വച്ചിരുന്ന ഒരാളുണ്ടായിരുന്നു;
സ്വപ്നം വാർന്നൊഴിയുമ്പോൾ
ചെളികുഴഞ്ഞ നീർച്ചാലുകളിൽ
അയാൾ ചെകിളയടിച്ചു ചത്തു.
കവി
എഴുതാപ്പുറം പോലെ
ശൂന്യമീ ലോകം;
അതിൽക്കാലു തടഞ്ഞു
ഞാൻ വീഴുന്നു.
കവിയുടെ മരണം
ഒരാൾ മരണത്തെക്കുറി
ച്ചില്ലാവചനങ്ങളെഴുതുകയായിരുന്നു
അയാളെഴുതിത്തീരും വരെ
മരണം കാത്തുനിന്നു.
പ്രതീകം
വാതിൽപ്പടിയിൽ ഞാൻ-
ഒന്നും കൊണ്ടുകയറാനില്ല,
ഒന്നും കൊണ്ടിറങ്ങാനുമില്ല.
അസ്തമയം
നിദ്രയുടെ കൊഴുത്ത ചെളിയിലേക്ക്
അയാളുടെ സൂര്യൻ പൂന്തിയിറങ്ങി;
അഴുകിയ അന്തിവെയിൽ പോലെ
സ്വപ്നത്തിന്റെ കെട്ടവെളിച്ചം മാത്രം തങ്ങിനിന്നിരുന്നു.
പിന്നെ, അതുമണഞ്ഞു.
-കുമിളയിട്ടുപൊന്തിയ ഇരുളിൽ
നിദ്ര ഇഴുകിപ്പിടിച്ചു.
* * *
ഒരുതുള്ളിവിഷത്തിന്റെ
പാതിരാവിൽ
ഒരു സൂര്യൻ പൊടുന്നനേ-
യുദിച്ചുയർന്നു.
ഒരു ലോകാവസാനം
ഒരു നാളയാൾ പതിവുപോലെ ജനാല തുറന്നിടുമ്പോൾ വെളിയിൽ ലോകമേയുണ്ടായില്ല.
സ്വപ്നാടനം
ഏകാന്തദീർഘമായി
അണയാത്ത സ്വപ്നം പോലെ
ഒരു വഴി-
അതിൽ
ഏകാകിയായൊരു പഥികനെപ്പോൽ
നടന്നെത്താതെ ഞാൻ-
സ്വന്തം സ്വപ്നം
നടന്നുതീരാതെ ഞാൻ.
പ്രകൃതിബിംബങ്ങൾ
മനസ്സിന്റെ വനത്തിൽ മഞ്ഞുപെയ്യുന്നു-
വാക്കുകൾ ഉഷ്ണമേഖല തേടി പറന്നകലുന്നു-
വനഗർഭത്തിലവശേഷിക്കുന്നത്
നഷ്ടവസന്തത്തിന്റെ കൂജനങ്ങൾ,
ചിറകടികൾ, തൂവലുകൾ.
മഴ
അറിവിന്റെ സമതലത്തിനും
സ്വപ്നത്തിന്റെ മലഞ്ചരിവിനുമപ്പുറം
ഓർമ്മകളുടെ നിബിഡവനത്തിൽ
തോരാമഴ.
ഉച്ച
സുതാര്യമായ പകൽ തുളുമ്പിനിൽക്കുന്നു,
കല്ലും കോലും പോലെ
രൂപങ്ങൾ അടിഞ്ഞുകിടക്കുന്നു.
അപരാഹ്നം
മുണ്ഡിതശിരസ്സു പോലെ ആകാശം
ചുരയ്ക്കാത്തൊണ്ടു പോലെ ഭൂമി
ബുദ്ധഹാസം പോലെ പതിഞ്ഞവെയിൽ.