വേനൽമഴ

എത്രദീർഘമീ വേനലെ-
ന്നാധിപ്പെടുംവേളയിലൊരുനാൾ
ആകാശമിരുട്ടടയ്ക്കുന്നു
മിന്നൽ പാളിമറയുന്നു
വിദൂരമായ മുരൾച്ചകൾ
കാറ്റിന്റെ വരവറിയിക്കുന്നു.
വരവായീ മഴയെന്നാർത്തു
വാതിൽ തകർത്തിറങ്ങവേ
മഴ പാഞ്ഞുപോയല്ലോ,
കാറ്റിൻപുറമേറി
മഴ പോയ്മറഞ്ഞല്ലോ.
കാത്തിരുന്നതു വെറുതേയെ-
ന്നാകാശത്തിനു ചിരി.
ആത്മഹത്യ ചെയ്താലെന്ത,വനു മേൽ
വെയിലിന്റെ കരുണാവിലാസം!
Read more

അടുത്ത മുറിയിലെ ലോകം


അന്നത്തെ ദിവസം പതിവുപോലെ അടുത്ത മുറിയുടെ വാതിൽ തുറന്നപ്പോൾ അതു മറ്റൊരു ലോകമായി അയാൾക്കു തോന്നി. ചുവരുകളുടെ തോതും നിറവും മറ്റൊന്നായിരുന്നു. മച്ച്‌ ഉയർന്നതോ താഴ്‌ന്നതോ എന്നു വ്യക്തമായിരുന്നില്ല. ജനാലയ്ക്കു പുറത്തെ കാഴ്ചയും വേറെയായിരുന്നു. മേശയും കസേരയുമുണ്ടായിരുന്നത്‌ ഇരുന്നെഴുതാനുള്ളതായി തോന്നിയില്ല...അയാൾ കാൽ പുറകോട്ടു വലിച്ച്‌ വാതിൽ വലിച്ചടച്ചു. ആ ലോകത്തു കാലു കുത്തിയാൽ താൻ അകംപുറം തിരിഞ്ഞേക്കുമെന്ന് അയാൾ ഭയന്നു.

Read more

അയാളുടെ മരണം

അങ്ങനെയിരിക്കെ തീരെ പ്രതീക്ഷിച്ചിരിക്കാത്ത ഒരു നേരത്ത്‌ അയാൾ മരിച്ചു. അയാൾ തയാറെടുത്തിരുന്നതേയില്ല. വഴിയെത്രയുണ്ടെന്നോ, നേരമെന്തെടുക്കുമെന്നോ അയാൾക്കൊരൂഹവുമുണ്ടായിരുന്നില്ല. ലോകവ്യവഹാരങ്ങൾക്കിടയിൽ അങ്ങനെയൊരു സാധ്യത തന്നെ അയാൾക്കു തോന്നാതെ പോയതുമാണല്ലോ. അന്നുമയാൾ പതിവുപോലെ ജോലിക്കു പോകാനായി വാടകവീടിന്റെ വാതിൽ പൂട്ടിയിറങ്ങിയതായിരുന്നു. പൂട്ടിയ വാതിൽ തുറന്നത്‌ മരണത്തിന്റെ ലോകത്തിലേക്കാണ്‌. അയാൾക്കാദ്യമായി അനുഭവപ്പെട്ടത്‌ ഒരു ഭാരമില്ലായ്മയാണ്‌. ജീവിതകാലം മൊത്തം നിത്യരോഗിയായ ഒരു ഭാര്യയെപ്പോലെ ഒരു മുഷിഞ്ഞ സാന്നിധ്യം മാത്രമായിരുന്ന സ്വന്തം ശരീരം അയാളെ ഒഴിഞ്ഞുപോയിരിക്കുന്നു. അയാൾക്കു വല്ലാത്തൊരാശ്വാസം തോന്നി.
അങ്ങനെ അയാളിപ്പോൾ മരണത്തിന്റെ നാട്ടിലാണ്‌. അയാൾ ചുറ്റും നോക്കി. കാണാനും കേൾക്കാനും യാതൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ഇല്ലായ്മ സാമാന്യമല്ല, വിശേഷമായിരുന്നു. ഇന്ന സ്ഥലത്തെ ഇന്ന മരം ഇല്ല, ഇന്നിടത്തുകൂടി പറന്നുപോകുന്ന ഇന്ന കിളി ഇല്ല...ഇങ്ങനെയേ അതിനെ സ്പഷ്ടമാക്കാനാകുമായിരുന്നുള്ളു. ഇവിടെ കാര്യങ്ങൾ വ്യതിരേകക്രമത്തിലാണ്‌. ഉള്ളതെല്ലാം ഇല്ലാതെയാകുന്നു. ആ വിപരീതലോകത്ത്‌ അയാൾ കൂടി മറ്റൊരു ഇല്ല ആയി. അയാളെക്കൂടി ഉൾക്കൊണ്ടുകൊണ്ട്‌ ആ ഹിമഭൂമി ഉറഞ്ഞുകൂടി.
Read more

ഈ ജീവൻ

കെടാവിളക്കിൽ നിന്നാരോ
പകർന്നുതന്ന തിരിയാണ്‌;
അതു വയ്ക്കാനിടം തേടി
ഞാനലഞ്ഞു-
ചെരാതിലോ,
കുത്തുവിളക്കിലോ,
മൺകുടത്തിലോ?
തിരി വയ്ക്കാനിടം കാണാതെ
ഞാനലഞ്ഞു.
മഴയിൽ
വെയിലിൽ
കൊടുംകാറ്റിൽ
ഒരു കൈക്കുമ്പിളിനുള്ളിൽ
ഒരു തിരി നീറിക്കത്തി.
തിരി വയ്ക്കാനിടം തേടി
ഞാനലഞ്ഞു...
Read more

ലോകാവസാനം

പൊടുന്നനേ വിളക്കുകളണയുന്നു,
ചീവീടുകളുടെയും ഫാനിന്റെയും
മർമ്മരം നിലയ്ക്കുന്നു,
ഇരുട്ടത്തു കണ്ണുപറ്റിത്തുടങ്ങും മുമ്പു ഹാ,
കൽപാന്തമേഘത്തിന്റെ
മുരളൽ കേൾക്കുമാറാകുന്നു.
Read more

കടൽക്കരയിൽ

അനന്തസാധ്യതകളുടെ
മഹാസമുദ്രമായിരുന്നു മുന്നിൽ;
സമ്പൂർണ്ണതയിൽക്കുറഞ്ഞൊന്നും വേണ്ടാത്ത ഞാൻ
കരയിൽ മണൽ തട്ടി നടന്നു.
Read more

അയാൾ-2


ജീവിതത്തിൽ നിന്നൊളിച്ചോടുമ്പോൾ അയാൾ ആശ്വസിക്കുകയായിരുന്നു താൻ രക്ഷപ്പെട്ടുവെന്ന്. എന്നാൽ ഒളിച്ചോട്ടം പോലും ജീവിതത്തിലല്ലാതെ മറ്റെവിടെ സംഭവിക്കാൻ? ഉടുതുണി പറിച്ചെടുത്തു മുഖം പൊത്തി തെരുവിലൂടെ നെട്ടോട്ടമോടുന്ന ഒരാളെക്കണ്ട്‌ ആളുകൾ ചിരിക്കുന്നത്‌ ഒന്നു കണ്ണടച്ചുതുറന്നെങ്കിൽ അയാൾക്കു കാണാമായിരുന്നു!
Read more

അയാൾ - 1

ജീവിക്കുന്ന തിരക്കിനിടയിൽ അയാൾ മരണത്തിന്റെ കാര്യം മറന്നേപോയി. എന്നാൽ മരണത്തിനു മറവിയില്ല. നിശ്ചിതമുഹൂർത്തത്തിൽ അതു പടികടന്നു വരുമ്പോൾ അയാൾ നിത്യജീവിതത്തിൽ മുഴുകിയിരിക്കുകയായിരുന്നു. പരിചിതമായ ആ ലോകം ഭാവം പകർന്നത്‌ എത്ര പെട്ടെന്നാണെന്നോ! തൊട്ടിയൊഴിഞ്ഞില്ല, കുടം നിറഞ്ഞുമില്ല! ഇതാണോ മരണമെന്ന അത്ഭുതം പോലും അയാൾക്കുണ്ടായില്ല!
Read more

അടുത്ത മുറിയിൽ

പാതിരാത്രിക്കു ഞെട്ടിയുണരുമ്പോൾ
കൊടുങ്കാറ്റു വീശുന്നു,
മഴ കോരിച്ചൊരിയുന്നു,
മിന്നൽ പാളിമറയുന്നു.
അടുത്ത മുറിയുടെ വാതിൽ
തുറന്നടയുന്നു.
ആരാണവിടെയുള്ളത്‌?
ഞാനറിയാതെ വന്നുകിടന്ന
സഹവാസി?
എന്റെ പരമ്പരയിലെ
കണ്ണിമുറിഞ്ഞ ഒരാത്മാവ്‌?
ഇനിയഥവാ
എനിക്കു വിശ്വാസമില്ലാത്ത
ദൈവമെന്നൊരാൾ?
പാതിവഴി നടന്നുചെന്ന ഞാൻ
അധീരനായി തിരിച്ചുപോരുന്നു.

അതിൽപ്പിന്നെ
കൊടുങ്കാറ്റടങ്ങുന്നു,
മഴ തോരുന്നു,
മിന്നൽ തവിയുന്നു;
ഞാനോ,
നിത്യവും പരിചിതവുമായ
ഒരുറക്കത്തിലേ-
ക്കാണ്ടുപോവുകയും ചെയ്യുന്നു.
Read more

നാഴികവട്ട

ഒരു നാഴികവട്ടയുണ്ടെന്റെ വീട്ടിൽ;
നാഴിക വട്ടമെത്തുന്നതും നോക്കി
മുത്തശ്ശനിരുന്ന കാലമുണ്ട്‌.
കണ്മുന്നിൽ നാഴിക-
യൊന്നൊന്നായ്‌ മുങ്ങിത്താഴവെ
മുത്തശ്ശന്റെ കാലം തീർന്നു.
ഇന്നെന്റെ മച്ചുംപുറത്ത്‌
ഓട്ടുകിണ്ടിക്കും വെറ്റിലച്ചെല്ലത്തിനുമൊപ്പം
മാറാല പിടിക്കുന്ന കാലമുണ്ട്‌.
Read more

ഭാരതപ്പുഴയിൽ ഒരു ലോകാവസാനം

അന്നൊരപരാഹ്നം
ഞാൻ ഭാരതപ്പുഴയിലിറങ്ങിനടന്നു.
നിള നിർജലയായിരുന്നു;
നോട്ടപ്പുറത്ത്‌
മണലിന്റെ വിന്യാസം.
യാതൊന്നുമനങ്ങിയില്ല,
ഒരൊച്ചയുമുയർന്നില്ല-
ഗ്രീഷ്മാവസാദത്തിൽ
പുഴ മയങ്ങി.
പൊടുന്നനേ ഞാൻ കാഴ്ച കണ്ടു:
അകലെ ഒരാന
അലസമായി നടന്നുനീങ്ങുന്നു.
ഭാരതപ്പുഴയിൽ ഒരാന!
പുഴയും
പുഴയിലൊരാനയും
അതു കണ്ടു ഞാനും.
അതായി ലോകം.
അങ്ങനെ
പുഴയൊഴുകി,
പുഴയിൽ ഒരാന നടന്നു,
അതുകണ്ട്‌ ഒരാൾ നിന്നു.
അങ്ങനെ ലോകമവസാനിച്ചു.
*
Read more

എഴുത്തുകാരനും വായനക്കാരനും

പുസ്തകത്തിലെ നായകന്‌
അയാളുടെ പേരു തന്നെയായിരുന്നു;
അയാളുടെ നക്ഷത്രവും
വൃക്ഷപക്ഷിമൃഗാദികളുമായിരുന്നു;
അച്ഛനമ്മമാരുടെ പൊരുത്തങ്ങളും
ജന്മഭൂമിയുടെ അതിരുകളും
ഒന്നുതന്നെയായിരുന്നു;
ബാലാരിഷ്ടകൾ,
സ്മരണീയദിനങ്ങൾ,
പ്രേമപരിചയങ്ങൾ,
പീഡകൾ, സന്ത്രാസങ്ങൾ,...
ഒക്കെയും ഒന്നുതന്നെ.
പുസ്തകത്തിന്റെ ഒടുവിലാകട്ടെ,
നായകൻ,
അയാളിപ്പോൾ ചെയ്യുന്നപോലെതന്നെ,
മറ്റൊരാളിന്റെ ആത്മകഥ
വായിച്ചവസാനിപ്പിക്കുകയുമായിരുന്നു.
*
Read more