അതിമോഹം

കരുണയറ്റൊരു സൂര്യനു ചുവട്ടിൽ
വിയർത്തും മുഷിഞ്ഞും പൊടിപറ്റിയും
നഗരത്തിലൂടെ നടക്കുമ്പോൾ,
തിക്കും തിരക്കും
വാഹനങ്ങളുടെ ധാർഷ്ട്യവും
ഒച്ചയും വേഗവും കണ്ടു
മിരണ്ടുമാറുമ്പോൾ
ഒരതിമോഹമെന്നിൽ
നാമ്പെടുക്കുന്നു വീണ്ടും:
കഴുകിത്തുടച്ചൊരു കവിടിപ്പാത്രം പോലെ
മാനം തണുത്തുതിളങ്ങുന്നൊരു പ്രഭാതത്തിൽ,
പൊന്നിൻ ചെതുമ്പലുകൾ പോലെ
ഇളംവെയിലടർന്നുവീഴുന്നൊരു പുലർകാലത്ത്‌
നടന്നുപഴകിയൊരു വഴിയിലൂടെ
പണ്ടേ കണ്ട മരങ്ങൾ കണ്ടും
ഓർമ്മയുള്ള വീടുകൾ നോക്കിയും
കിളിപ്പേച്ചു കേട്ടും
കാലുകൾ നീട്ടിവച്ച്‌
കൈകൾ വീശി
ചിരിച്ച മുഖവുമായി
ഒറ്റയ്ക്കൊന്നു നടക്കാൻ.

2 comments:

Anonymous said...

ഈ അതിമോഹത്തില്‍ ഞാനും പങ്കുചേരുന്നു..

പകല്‍കിനാവന്‍ | daYdreaMer said...

മോനെ അശോകാ.. അതിമോഹമാണ് മോനെ.. അതിമോഹം..
:)

Post a Comment