
യാത്രാവിവരണം
കമിഴ്‌ന്നുവീണതും
മുട്ടിട്ടിഴഞ്ഞതും
പിച്ചനടന്നതും
വെറുതെ;
ഓടിനടക്കവെ
ശവക്കുഴിയിൽ
കാലിടറി
വീഴാനിതൊക്കെ.
*
വിരലടയാളം
പാലത്തിന്റെ കൈവരിയിൽപ്പിടിച്ചു
ഞാൻ നിന്നു;
എനിക്കിടതുപുറം
മരണവുമതുപോലെ-
അവനു വലംകൈയിൽ
ആറുവിരലുണ്ടായിരുന്നു.
*
അന്ധം
കുരുടന്റെ ലോകത്ത്
ശബ്ദങ്ങൾക്കു രൂപം വയ്ക്കുന്നു;
അങ്ങനെ
കുയിലിന്റെ പാട്ട്
കുതിരക്കുളമ്പടിച്ചു പായുന്നു,
ഇടിമുഴക്കം
കാടിന്റെ തീരത്ത് പൂവായി വിരിയുന്നു.
*
0 comments:
Post a Comment